നിലന്പൂർ: ജില്ലയിൽനിന്ന് കോണ്‍ഗ്രസിന് കൂടുതൽ മന്ത്രിമാരുണ്ടായേക്കും. ജില്ലയിൽ മത്സരിച്ച നാല് സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ച സാഹചര്യത്തിലാണിത്.
2011ൽ രണ്ട് സീറ്റുകളിൽ മാത്രം വിജയിച്ചപ്പോൾ മലപ്പുറം ജില്ലയിൽനിന്ന് കോണ്‍ഗ്രസിന് രണ്ട് മന്ത്രി സ്ഥാനങ്ങൾ ലഭിച്ചിരുന്നു. നിലന്പൂർ മണ്ഡലത്തെ പ്രതിനിധികരിച്ച് ആര്യാടൻ മുഹമ്മദും വണ്ടൂരിനെ പ്രതിനിധികരിച്ച് എ.പി. അനിൽകുമാറും അക്കാലത്ത് മന്ത്രിമാരായി.ഇത്തവണ നിലവിൽ നിലന്പൂർ, വണ്ടൂർ മണ്ഡലങ്ങൾ നിലനിർത്തിയതിന് പുറമെ സിപിഎം മണ്ഡലങ്ങളായ തവനൂരും പൊന്നാനിയും പിടിച്ചെടുക്കുകയും ചെയ്തു.
സംസ്ഥാന ചരിത്രത്തിൽ ഒരു കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ആര്യാടൻ ഷൗക്കത്തിന്റെ വിജയം. 54851 വോട്ടുകൾക്കായിരുന്നു തുടർ വിജയം.
നിലന്പൂർ ജില്ലയിലെ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ്. നാല് തവണ ആര്യാടൻ മുഹമ്മദ് ഈ മണ്ഡലത്തിൽനിന്ന് മന്ത്രിയായിട്ടുണ്ട്. അതിനാൽ ആര്യാടൻ ഷൗക്കത്തിന് മന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് കോണ്‍ഗ്രസ് നേത്യത്വത്തിൽ നിന്നുള്ള സൂചനകൾ.
വണ്ടൂർ എംഎൽഎയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ എ.പി.അനിൽകുമാർ മന്ത്രിയാകുമെന്ന് ഉറപ്പാണ്. വയനാട്ടിൽ നിന്ന് ഉഷാ വിജയൻ, ഐ.സി. ബാലകൃഷ്ണൻ എന്നിവരിൽനിന്ന് ഒരാളെ പരിഗണിച്ചാൽ അഡ്വ. ടി.സിദ്ദീഖിന്റെ സാധ്യത മങ്ങും.
ഇത് ആര്യാടൻ ഷൗക്കത്തിന്റെ സാധ്യത വർധിപ്പിക്കും. എന്തായാലും മലപ്പുറം ജില്ലയിൽ നിന്ന് ഇക്കുറി രണ്ട് കോണ്‍ഗ്രസ് എംഎൽഎമാർ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും.
അതേസമയം സിപിഎമ്മിന്റെ കുത്തക സീറ്റുകളായിരുന്ന തവനൂരും പൊന്നാനിയും ഇക്കുറി കോണ്‍ഗ്രസ് പിടിച്ചെടുത്തതും ജില്ലയിലെ കോണ്‍ഗ്രസിന്റെ സാന്നിധ്യം വർധിക്കുന്നതന്റെ സൂചനയാണ്.